Don't Miss
 

 

ഹൗ ഓള്‍ഡ്‌ ആര്‍ യൂ: തിരിച്ചുവരുന്ന താരപ്രഭ

നിധിന്‍ ഡേവിസ് | May/18/2014
image

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവിനു തീര്‍ത്തും അനുയോജ്യമായ ചിത്രമാണ് ഹൗ ഓള്‍ഡ്‌ ആര്‍ യൂ. സ്ത്രീപക്ഷ ചിത്രങ്ങള്‍ വളരെ വിരളമായ മലയാളസിനിമാപട്ടികയില്‍, ആ ഗണത്തില്ലേക്ക് അഭിമാനപൂര്‍വം  വയ്ക്കാവുന്ന ചിത്രം തന്നെയാണ് ഹൗ ഓള്‍ഡ്‌  ആര്‍ യൂ.

നിരുപമ രാജീവ്‌ എന്ന യൂ ഡി ക്ലാര്‍ക്ക് ജീവനക്കാരിയായ ഒരു കുടുംബിനിയുടെ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. കുടുംബത്തിനുവേണ്ടി തന്‍റെ സ്വപ്നങ്ങളും കഴിവുകളും മൂടിവെച്ച്, ഒരു  മധ്യവയസ്ക്കയുടെ പരിതികള്‍ക്കുള്ളില്‍ കഴിയുന്ന നിരുപമയോട് ഭര്‍ത്താവിനും മകള്‍ക്കും പുച്ഛമാണ്. പിന്നീട് തന്‍റെ പഴയകാലസുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം തന്‍റെ കഴിവുകള്‍ ഉണര്‍ത്തി സ്വപ്നങ്ങളില്ലേക്ക് ചുവടുവച്ചുകയറുന്ന നിരുപമയ്ക്ക് ഈ ലോകത്തില്‍ തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ടുള്ള കൈയൊപ്പ്‌ ചാര്‍ത്താന്‍ സാധിക്കുന്നു. സ്വപ്നങ്ങളില്ലേക്ക് പറന്നുയരാന്‍ പ്രായം ഒരു പ്രശ്നമേയല്ല എന്ന സന്ദേശമറിയിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. 

നിരുപമ എന്ന കഥാപാത്രം മഞ്ജു വാര്യരുടെ കൈയില്‍ തീര്‍ത്തും ഭദ്രമായിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പറവും തന്‍റെ കഴിവുകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കും വിധമായിരുന്നു മഞ്ജുവിന്റെ പ്രകടനം. കുഞ്ചാക്കോ ബോബനും തന്‍റെ കഥാപാത്രത്തോട് വളരെ നീതി പുലര്‍ത്തിയിട്ടുണ്ട്. ഗോപി സുന്ദറുടെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തോട് വളരെ യോജിച്ചു നില്‍ക്കുന്നുണ്ട്.

ഒരു ആസ്വാദനസിനിമയ്ക്കുവേണ്ട എല്ലാ ചെരുരവകളും ഉള്ള ഈ സിനിമയില്‍ ചികഞ്ഞു നോക്കിയാല്‍ കാണാവുന്ന കുറ്റങ്ങളും കുറവുകളും ഉണ്ട്. സ്വപ്‌നങ്ങള്‍ കാണണമെന്നും, കൂടുതല്‍ കഴിവുകള്‍ ഉള്ളവള്‍ ആകണമെന്നും ആശിക്കുന്ന ഭര്‍ത്താവും മോളും ഉണ്ടായിട്ടും, കോളേജുകാലത്ത് തന്‍റെ ലക്ഷ്യങ്ങള്‍ വളരെ വീറോടും വാശിയോടും നേടിയെടുത്ത നിരുപമ എന്തുകൊണ്ട് തണുത്ത് കഴിവുകെട്ടവളായി എന്ന് നാം ഒരു നിമിഷം ചിന്തിച്ചു പോകും. തന്നെ ഭര്‍ത്താവ് ശകാരിക്കുമ്പോള്‍ ഈ വീറും വാശിയുമുള്ള നിരുപമ, ഭര്‍ത്താവിന്റെ പക്ഷത്ത് തെറ്റുണ്ടായിട്ടുകൂടി പ്രതികരിക്കാതെ നില്‍ക്കുന്നതും നമ്മെ ഒരു നിമിഷം ചിന്തിപ്പിച്ചെക്കാം. അതുപോലെതന്നെ തന്‍റെ മകളുടെ വിവാഹത്തിനായി വളരെ വലിയ സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ച ഒരു വ്യവസായി പ്രമുഖന്‍ ഒന്നും അന്വേഷിക്കാതെ ഒരു അപരിചിതയ്ക്ക് സാധനങ്ങളുടെ ഓര്‍ഡര്‍ കൊടുക്കുന്നതും നമ്മെ അമ്പരിപ്പിച്ചെക്കാം.

എങ്കില്ലും ഈ കുറവുകളെ ഒട്ടും മുഴച്ചുകാണാനാവാത്തവിധത്തില്‍ തിരകഥയൊരുക്കിയ ബോബി സഞ്ജയ്‌ വളരെയധികം പ്രശംസയര്‍ഹിക്കുന്നു. വളരെ അടുക്കൊടും ശ്രദ്ധയോടും വികസിപ്പിച്ചെടുത്ത തിരകഥ തന്നെയാണ് ഈ സിനിമയുടെ വിജയഘടകം. റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച സംവിധാന മികവ് ഈ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. തന്‍റെ ആദ്യചിത്രം മുതല്‍ വളരെ നിലവാരമുള്ളതും മികച്ച സാമ്പത്തിക വിജയമുള്ളതുമായ സിനിമകള്‍ സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് ഇത്തവണയും വിജയിച്ചിരിക്കുന്നു. നടനെയും, സംവിധായകനെയും മാത്രം നോക്കി ഒരു പടം നന്നാകുമോ എന്ന് പ്രവചിച്ചിരുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ഓര്‍ത്തുവയ്ക്കാവുന്ന ഒരു നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.